
ശില്പാ ഷെട്ടി
നവംബര്‍ 22 ന് വിവാഹിതയാവുന്ന ശില്പാഷെട്ടിക്ക് വിവാഹദിനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സമിശ്രവികാരം. തന്‍റെ ബ്ലോഗിലാണ് ശില്പാ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. “ഞാനിപ്പോള്‍ എന്താണ് അനുഭവിക്കുന്നത് എന്നറിയാനാഗ്രഹിക്കുന്നവരോട് എനിക്ക് പറയുവാനുള്ളത്, ഞാനിപ്പോള്‍ ഒരു സമിശ്രവികാരത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നാണ്-സന്തോഷം, ആകാംക്ഷ, ഭീതി, അങ്ങിനെ ഏതൊരുവധുവിനുമുള്ളതെല്ലം എനിക്കുണ്ട്”.
34കാരിയായ ശില്പയുടെ വിവാഹം ബിസിനസുകാരനായ രാജ് കുന്ദ്രയുമായിട്ടാണ്. 2007 മുതല്‍ ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. “രാജ് എന്നിലോ എന്‍റെ ജീവിതശൈലിയിലോ എന്തെങ്കിലും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നില്ല. ഞാനെങ്ങിനെയോ അങ്ങിനെ ആയിരിക്കാന്‍ രാജ് അനുവദിക്കുന്നു എന്നത് വിവാഹത്തിന് മുന്‍പ് തോന്നാവുന്ന ഭയത്തെ മായ്ച് കളയുന്നു. അതാണ് എന്‍റെ ഏക ആശ്വാസം”
കഴിഞ്ഞ രണ്ടാഴ്ചയായി വിവാഹ ഒരുക്കത്തിന്‍റെ തിരക്കിലായിരുന്നു താന്‍ എന്ന് ശില്പ പറയുന്നു. നിലവിലുള്ള പ്രോജക്ടുകള്‍ വിവാഹത്തിന് മുന്‍പ് തീര്‍ത്തിട്ട് വിവാഹാനന്തരം രാജുമൊത്ത് ഒരുമാസത്തെ മധുവിധുവിന് സമയം കണ്ടെത്താനുള്ള തത്രപ്പാടിലാണ് ബിഗ് ബ്രദര്‍ ശില്പാ ഷെട്ടി.
“തീര്‍ച്ചയായും വിവാഹം എന്നത് വലിയൊരു കാല്‍വെയ്പാണ്. ഒരുപാട് ഉത്തരവാദിത്വങ്ങളോടൊപ്പം കടന്നുവരുന്ന ഒന്ന്. ഞങ്ങളുടെ വിവാഹജീവിതം വിജയപൂര്‍ണ്ണമാവണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.” ശില്പ തുടരുന്നു.
കെട്ടലും അഴിയലും തുടര്‍ക്കഥയാകുന്ന സിനിമാ ലോകത്ത്, ശില്പയുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കട്ടെ എന്ന് നമ്മള്‍ക്കും പ്രതീക്ഷിക്കാം.







