BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

ബൂലോക കഥകള്‍ ഉടന്‍ വരുന്നു…

Posted by ജെയിംസ് ബ്രൈറ്റ് on Feb 7th, 2010 and filed under വാര്‍ത്ത. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

boolokamമാന്യരെ,

ബൂലോകം ഓണ്‍ലൈന്‍ നമ്മുടെ ബൂലോകത്തെ എഴുത്തുകാരുടെ ഒരു കഥാസമാഹാരം പ്രസിദ്ധീകരിക്കുവാനുള്ള പരിപാടിയുമായി മുന്നോട്ടു പോകുന്നു എന്ന കാര്യം ആരൊക്കെ ശ്രദ്ധിച്ചുകാണും എന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയുമില്ല. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുവാനുള്ള തയാറെടുപ്പുകള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. ഇങ്ങിനെ ഒരു കാര്യം നടക്കുമ്പോള്‍ എല്ലാവര്‍ക്കും ചിലപ്പോള്‍ ചില സംശയങ്ങളും സ്വാഭാവികം. അതിനാല്‍ ചില കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു.

ആരുടെ കഥകളായിരിക്കും പ്രസിദ്ധീകരിക്കുക?

ബൂലോകം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കഥകളില്‍ നിന്നായിരിക്കും പ്രസിദ്ധീകരണയോഗ്യമായവ തിരഞ്ഞെടുക്കപ്പെടുക. ആര്‍ക്കും അതിനായി തങ്ങളുടെ കഥകള്‍ ഇവിടെ ലോഗിന്‍ ചെയ്ത് പ്രസിദ്ധീകരിക്കാവുന്നതാണ്.

എന്റെ കഥ ഞാന്‍ പണ്ട് എന്റെ തന്നെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതും ഒരുപാടു പേര്‍ അതു വായിച്ചതുമാണ്. അതിനാല്‍ ഞാന്‍ എന്റെ കഥ വീണ്ടും ബൂലോകം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാമോ?

തീര്‍ച്ചയായും നിങ്ങള്‍ക്ക് അവ എത്ര പഴയതായാലും ഇവിടെ പ്രസിദ്ധീകരിക്കാം. നിങ്ങളുടെ കഥ ബൂലോകര്‍ക്ക് ഒരു പക്ഷേ പരിചിതമായിരിക്കാം. എന്നാല്‍ മാലോകര്‍ക്ക് അവ അപരിചിതമായിരിക്കും എന്ന കാര്യം ഇവിടെ സ്മരിക്കുക.

എത്ര കഥകളായിരിക്കും ഈ പുസ്തകത്തില്‍ ഉണ്ടായിരിക്കുക?

ഏകദേശം  ഇരുപത്തിയഞ്ചു കഥകള്‍ ആദ്യ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.

ഒരാളുടെ എത്ര കഥകള്‍ ഉണ്ടാവും ഇതില്‍?

ഒരാളുടെ ഒരു കഥയാണ് ശരിക്കും ഉദ്ദേശിക്കുന്നത്. എന്നാല്‍ കഥകള്‍ കുറവായി വന്നാല്‍ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിലരുടെ ഒന്നില്‍ കൂടുതല്‍ കഥകള്‍ ചിലപ്പോള്‍ ഉള്‍പ്പെടുത്തുവാന്‍ നിര്‍ബന്ധിതമായേക്കാം. കഥകള്‍ ബൂലോകം ഓണ്‍ലൈനില്‍ പബ്ലിഷു ചെയ്യുന്ന ഏതൊരാള്‍ക്കും തങ്ങളുടെ ഒരു കഥ ആദ്യ പുസ്തകത്തില്‍ ഉള്‍പ്പെടുന്നതായി കണക്കാക്കാം. എഴുത്തുകാരുടെ എണ്ണം വളരെ കൂടുതലായാല്‍ മാത്രമേ ഗുണ നിലവാരം ഒരു പ്രശ്നമായി വരികയുള്ളു.

ഈ ആശയം എനിക്കിഷ്ടപ്പെട്ടു. പക്ഷേ ബൂലോകം ഓണ്‍ലൈനിനോട് എനിക്കു പലകാരണങ്ങളാല്‍ പണ്ടു മുതലേ വിയോജിപ്പാണ്. ഞാനെങ്ങിനെ ഇവിടെ എന്റെ കഥ പ്രസിദ്ധീകരിക്കും?

അതോര്‍ത്തു വിഷമിക്കരുത്. അങ്ങിനെ ഒരു തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ദയവായി അതു മറന്നേക്കുക. നമുക്കിനി ഒരുമിച്ച് പ്രവര്‍ത്തിക്കാം. ബ്ലോഗറന്മാരുടെ നന്മക്കായി ബൂലോകം ഓണ്‍ലൈന്‍ എന്നും നില കൊള്ളും.

ഞാന്‍ ബൂലോകം ഓണ്‍ലൈനില്‍ ഇതുവരെ ഒന്നും എഴുതിയിട്ടില്ല. ഇനി ഇവിടെ എന്തെങ്കിലും എഴുതുവാനായി ആരോടെങ്കിലും അനുവാദം ചോദിക്കണോ?

വേണ്ട. ഇവിടെ ആര്‍ക്കും എഴുതാം. വ്യക്തികളെ ഒരിക്കലും അനാരോഗ്യകരമായി വിമര്‍ശിക്കരുത്. അതുപോലെ ഗ്രൂപ്പുകള്‍, മതങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, വംശീയ വാദികള്‍, വ്യക്തി വിരോധികള്‍ തുടങ്ങിയവര്‍ തങ്ങളുടെ ആശയ പ്രചരണത്തിനായി ഈ സൈറ്റ് ഒരിക്കലും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. അതൊന്നും അല്ലാത്തിടത്തോളം കാലം ആര്‍ക്കും ആരോടും ചോദിക്കാതെ തന്നെ ഇവിടെ നേരിട്ട് രജിസ്റ്റര്‍ ചെയ്ത് എല്ലാവരും ചെയ്യുന്നതുപോലെ തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. ആരും ആരെയും ഇവിടെ നിയന്ത്രിക്കുന്നില്ല. മുകളില്‍ കാണുന്ന ലോഗിന്‍/രജിസ്റ്റര്‍ എന്ന സ്ഥലത്ത് ക്ലിക്കു ചെയ്ത് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാ‍വുന്നതാണ്.

എന്നുവരെ കഥകള്‍ ആദ്യ പുസ്തകത്തിനായി പ്രസിദ്ധീകരിക്കാം?

ആദ്യ പുസ്തകത്തിനായുള്ള കഥകള്‍ ഈ മാസം പതിനഞ്ചാം തീയതി വരെ പ്രസിദ്ധീകരിക്കാം. അതു കഴിഞ്ഞ്ഞു വരുന്ന കഥകള്‍ പിന്നീട് പരിഗണിക്കും.

ഈ സംരംഭം വിജയിക്കുമോ?

അറിയില്ല. ഇതൊരു പരീക്ഷണമാണ്. നഷ്ടം വന്നാല്‍ എന്തു ചെയ്യുവാന്‍ പറ്റും?

ലാഭം വന്നാലോ?

എന്നാല്‍പ്പിന്നെ വീണ്ടും അടുത്ത പുസ്തകത്തിന്റെ പര്രിപാടിയുമായി മുന്നോട്ടു പോകും. അതുപോലെ ഭാവിയില്‍ എഴുത്തുകാര്‍ക്ക് പ്രതിഫലവും കൊടുക്കും. പിന്നെ ബൂലോകത്തെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും എന്തെങ്കിലുമൊക്കെ ചെയ്യാനാവും.

എന്തിനാണ് ബൂലോകം ഓണ്‍ലൈന്‍ ഇതു ചെയ്യുന്നത്?

ഈ പത്രം തുടങ്ങിയതു തന്നെ ഒരു ചെറിയ ആശയത്തില്‍ നിന്നാണ്. അതിങ്ങിനെയൊക്കെ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഈ സംരംഭത്തെക്കുറിച്ചു പറയുകയാണെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ കുറഞ്ഞത് ഒരു കഥയെങ്കിലും പറയുവാനുണ്ടാകും. അത് വളരെ ആത്മാര്‍ത്ഥമായുള്ള കഥയുമായിരിക്കും. എന്നാല്‍ കഥാകാരന്മാരായി ജനിക്കുന്നവര്‍ വീണ്ടും വീണ്ടും കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കും.  നമ്മളിലെ ഒരു കഥയെങ്കിലും ജനങ്ങളില്‍ എത്തിക്കുകയാണ് ഈ സംരംഭത്തിന്റെ പിറകിലെ ഒരേയൊരുദ്ദേശം.  നാട്ടില്‍ അറിയപ്പെടുന്ന എഴുത്തുകാരെല്ലാം കാലഹരണപ്പെട്ട ഒരു തലമുറയുടെ പ്രതിനിധികളാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ ബൂലോകത്തെ എഴുത്തുകാര്‍ തീര്‍ച്ചയായും പുതിയ ആശയങ്ങളുടെ സന്ദേശവാഹകരാണെന്നും അവര്‍ നല്‍കുന്ന ഈ പുത്തനുണര്‍വ് പൊതുജനങ്ങളില്‍ എത്തപ്പെടേണ്ടതാണെന്നുമുള്ള ഉറച്ച വിശ്വാസമാണ് ബൂലോകം ഓണ്‍ലൈനിനെ ഈ സംരംഭത്തിനു പ്രേരിപ്പിക്കുന്നത്.

എന്നായിരിക്കും ഈ പുസ്തകം പുറത്തിറങ്ങുക?

ഈ മാസം പതിനഞ്ചാം തീയതി കഴിഞ്ഞ് പ്രസിദ്ധീകരണത്തിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അധികം താമസിയാതെ തന്നെ പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷ..

എങ്ങിനെയാണ് എന്റെ കഥ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്തു എന്നു ഞാന്‍ അറിയുക?

നിങ്ങളുടെ ഏതു കഥയാണ് ഉള്‍പ്പെടുത്തിയത് എന്ന് മെയില്‍ വഴി നിങ്ങളെ അറിയിക്കും.

എന്റെ കഥ തിരഞ്ഞെടുത്തു. ഞാനെന്തു ചെയ്യണം?

അങ്ങിനെയാണെങ്കില്‍ അതില്‍ അക്ഷരത്തെറ്റുകള്‍ അഥവാ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ദയവായി അതു നിങ്ങള്‍ തന്നെ പരിഹരിച്ചുതന്നാല്‍ വളരെ ഉപകാരം.

ഇനിയുള്ള കാര്യങ്ങള്‍ വീണ്ടും എല്ലാവരേയും അറിയിക്കും. ഈ സംരംഭത്തില്‍ എല്ലാ ബൂലോകരും സഹകരിക്കുവാന്‍ അപേക്ഷിക്കുന്നു. സംശയങ്ങള്‍ കമന്റായും മെയിലായും അറിയിക്കുക. എല്ലാവര്‍ക്കും ആശംസകള്‍.

 

4 Responses for “ബൂലോക കഥകള്‍ ഉടന്‍ വരുന്നു…”

  1. Raghu Nadhan says:

    ധീര വീരാ ബൂലോകം ഓണ്‍ലൈന്‍…
    ധീരതയോടെ തുടങ്ങിക്കോ…
    ലക്ഷം ലക്ഷം കഥകള്‍ പിന്നാലെ …

  2. പ്രിയപ്പെട്ട ജയിംസ് ചേട്ട, രാജേഷ് ശിവ…………… നല്ല തീരുമാനം, നല്ല ചുവട് വെയ്പ്പ്, തികഞ്ഞ പ്രഫഷണല്‍ രീതിയില്‍ തന്നെ കാര്യം നടക്കട്ടെ…..ഈ ആശയം വിജയിച്ചാല്‍ മറ്റുള്ളവര്‍ക്കും ഇത് മാതൃകയാക്കാമല്ലോ. സ്നേഹത്തോടെ നട്ട്സ്

  3. ഗ്രേറ്റ്… അങ്ങനെ കാര്യങ്ങള്‍ മുന്‍പോട്ട് പോകട്ടെ… എല്ലാ വിധ ആശംസകളും പിന്തുണകളും..

    സ്നേഹപൂര്‍വ്വം
    ചന്ദ്രകാന്തന്‍.

  4. എല്ലാവിധ ആശംസകളും….

Leave a Reply

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes